രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഏറ്റവും നിര്‍ണായകമാണ് പ്രവാസികളുടെ വരുമാനം. വിദേശത്ത് നിന്നു പ്രവാസികള്‍ അയക്കുന്ന സമ്പാദ്യം നമ്മുടെ നാടിനെ ചെറുതൊന്നുമല്ല സഹായിക്കുന്നത്. പ്രത്യേകിച്ചും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സാധാരണക്കാരായ പ്രവാസി ഇന്ത്യക്കാര്‍. എന്നാല്‍ പ്രവാസികളെ വിദേശ രാജ്യങ്ങളില്‍ മോശക്കാരാക്കി ചിത്രീകരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പാസ്‌പോര്‍ട്ട് പരിഷ്‌കരണം. നിറം നോക്കി വ്യക്തിയുടെ യോഗ്യത അളക്കാന്‍ സാധിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ് പുതിയ പരിഷ്‌കാരം.ദിവസങ്ങള്‍ക്ക് മുമ്പാണ് പാസ്‌പോര്‍ട്ടില്‍ പരിഷ്‌കരണം വരുത്തി കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നത്. പാസ്‌പോര്‍ട്ടിന്റെ നിറത്തില്‍ വരുത്തിയ മാറ്റമായിരുന്നു അതില്‍ പ്രധാനപ്പെട്ട ഒരു പരിഷ്‌കരണം. ഇതോടെ ഇന്ത്യയില്‍ നാല് തരം പാസ്‌പോര്‍ട്ടുകളാകും. നേരത്തെ ഇത് മൂന്നായിരുന്നു. പുതിയ പരിഷ്‌കരണ പ്രകാരം ഓറഞ്ച് നിറത്തിലുള്ള ഒരു പാസ്‌പോര്‍ട്ട് കൂടി നല്‍കി തുടങ്ങും. നിലവില്‍ പാസ്‌പോര്‍ട്ട് കൈയ്യിലുള്ളവര്‍ക്ക് പ്രശ്‌നമില്ല.